Pages

ബുധനാഴ്‌ച, മേയ് 16, 2012

ഒരു ക്വട്ടേഷന്‍ വിംഗ് പ്രഖ്യാപനം



സഖാവ് ടി .പി യുടെ ക്രൂരവും പൈശാചികവുമായ കൊല മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ് . എല്ലാവരെയും പോലെ ഇത് ചെയ്തത് ആരാണെന്നു ഞാനും സംശയിക്കുന്നത് ഒരു വിഭാഗത്തെ തന്നെയാണ് . അവരുടെ ചരിത്രം അത്രമാത്രം രക്തക്കറ പറ്റിയതാണ് . ഇത് മനസ്സില്‍ ഉള്ളത് കൊണ്ടാണോ എന്നറിയില്ല കഴിഞ്ഞ ദിവസം ഒരു സ്വപ്നം കണ്ടു . ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടിക്ക് വേണ്ടി  കൊല ചെയ്യാനും അക്രമം നടത്താനും ഇറങ്ങുന്ന ഈ വിഭാഗത്തെ പാര്‍ടി തന്നെ അംഗീകരിച്ചു ഔദ്യോഗികമായി പ്രഖ്യാപനം നടത്തുന്ന ഒരു സമ്മേളനം . അതില്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ആള്‍ പ്രസംഗിക്കുന്നതാണ് സ്വപ്നം .അതിന്റെ സംക്ഷിപ്ത രൂപം ഇങ്ങിനെ .
"പ്രിയപ്പെട്ട തൊഴിലാളി വര്‍ഗ സഹോദരി സഹോദരന്മാരെ  ഇന്ന് നമ്മള്‍ ഇവിടെ ഒത്തുകൂടിയിട്ടുള്ളത് നമ്മുടെ പാര്‍ട്ടിയുടെ  കുതിപ്പിലും വളര്ച്ചയിലും (കിതപ്പിലും തളര്ച്ചയിലും എന്ന് പറയുന്നതാകും ശരി ) പങ്കു വഹിച്ച , നമ്മുടെ എതിരാളികളെയും ശത്രുക്കളെയും കുലംകുത്തികളെയും ഭൂമിയില്‍ നിന്ന് തന്നെ  നിഷ്കാസനം ചെയ്തു നമ്മളെ സേവിക്കുന്ന 'സല്‍ഗുണ സമ്പന്നരായ ' ഗുണ്ടകളടങ്ങിയ ക്വട്ടേഷന്‍ വിങ്ങിന്റെ സംസ്ഥാനതല  ഔദ്യോഗിക  പ്രഖ്യാപനത്തിനു വേണ്ടിയാണ് . സംസ്ഥാനത്തു ഒരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ലാത്ത ഒരു ചരിത്ര മുഹൂര്‍ത്തത്തിലാണ് നാം ഇപ്പോള്‍ . പാര്‍ട്ടി കൊണ്ഗ്രെസ്സ് എന്ന പേര്‍ വെച്ച് നമ്മുടെ പാര്‍ട്ടിയെ കൊണ്ഗ്രെസ്സ് പാര്‍ട്ടിയെ പോലെ ആക്കുന്ന  പോലെ ഇനി മറ്റുള്ളവര്‍ പാര്‍ട്ടി  മാര്‍ക്സിസ്റ്റ്‌ എന്ന പേര്‍ വെച്ച് നമ്മെ അനുകരിക്കുന്ന കാലം വിദൂരമല്ല .ഇതിന്റെ അനുരണങ്ങള്‍ എല്ലാ പാര്‍ട്ടിയിലും ഇന്ന് പ്രകടമാണ് .   നമ്മോടൊപ്പം സഞ്ചരിക്കുന്ന  വളരെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഈ വിഭാഗത്തെ ഇനിയും നാം പോഷക ഗണത്തില്‍ ഉള്‍പ്പെടുത്താതിരിന്നാല്‍  അത് അവരോട് ചെയ്യുന്ന വലിയ അനീതിയായിരിക്കും .നാടും നഗരവും ഉറങ്ങുമ്പോള്‍  ദിവസങ്ങളോളം ഉറക്കമിളച്ചു കുലംകുത്തികളെ സദാ നിരീക്ഷിച്ചു അവരെ ഉന്മൂലനം ചെയ്യുന്നതില്‍ ഇവര്‍ക്കുള്ള വൈദഗ്ദ്യം പ്രത്യേകം അഭിനനന്ദിക്കപ്പെടെണ്ടതാണ്.ഒരുപാട് രക്തസാക്ഷികള്‍ ഉണ്ടായ നമ്മള്‍ ആ നിലയില്‍ നിന്നും മറ്റുള്ളവര്‍ക്ക്  രക്തസാക്ഷികളെ ഉണ്ടാക്കിക്കൊടുക്കുന്ന നിലയിലേക്കുള്ള വളര്‍ച്ച  വളരെയധികം ആഹ്ലാദകരമാണ്.. നമുടെ അരിവാള്‍ ചുറ്റിക എന്ന പ്രതീകം ഇന്ന് ആവശ്യമായ ഒന്നല്ലാത്ത നിലയില്‍ വയലും മറ്റു കൃഷിയിടങ്ങളും നമ്മള്‍ തന്നെ പാര്‍ക്കിനും  റിസോര്‍ട്ടിന് വേണ്ടിയും കൊണ്ഗ്രീറ്റ്  കാടുകളാക്കിയ  സ്ഥിതി വിശേഷത്തില്‍ അവക്ക് പുതിയ കാലിക പ്രസക്തി നല്‍കിയ ഇവരെ എങ്ങിനെ ആദരിക്കണമെന്നു എനിക്ക് അറിയില്ല.അരിവാള്‍ ചുറ്റികയുടെ കൂടെ വടിവാളും ബോംബും കൂടി ഉള്‍പ്പെടുത്തണമെന്ന പുതിയ വിങ്ങിന്റെ ശിപാര്‍ശ അടുത്ത കേന്ദ്ര കമ്മിറ്റി  യോഗത്തില്‍ നാം ചര്‍ച്ച ചെയ്യുന്നതാണ്‌. വളരെ ദുഖ:കരമായ വസ്തുത  സ്ത്രീ പ്രാതിനിധ്യം (നമ്മള്‍ എവിടെയും പാലിക്കുന്നില്ലെന്കിലും) ഇവിടെ  ഉണ്ടായിരിക്കില്ല എന്നതാണ് .മാതൃ സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗത്തെ പോലെ ഡാന്‍സ്‌ ,ഭരതനാട്യം ,കുച്ചിപ്പുടി   എന്നിവയില്‍ പ്രതിഭ തെളിയിച്ചവര്‍ ഉണ്ടെങ്കിലും  കത്തിക്കുത്ത് , ചാപ്പക്കുത്ത്,വെടിവെക്കല്‍ എന്നീ  മേഖലയില്‍ കഴിവ്‌ തെളിയിച്ച പ്രവര്‍ത്തകര്‍ കുറവാണ്. തീര്‍ച്ചയായും ആ ന്യൂനത വരും വര്‍ഷങ്ങളില്‍ നികത്തുന്നതാണ് . ആ മേഖലയില്‍ കഴിവ് തെളിയിക്കുന്നതിനാവശ്യമായ ക്ലാസുകള്‍ നമ്മുടെ വനിതകള്‍ക്ക് നല്‍കുന്നതാണ് . ക്വട്ടേഷന്‍ വിങ്ങിന്റെ പ്രവര്ത്തകന്മാരുടെ  കുടുംബത്തിലെ സ്ത്രീ അംഗങ്ങള്‍ക്ക് പാര്‍ടിയില്‍ പ്രത്യേക സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം നാം അടുത്ത പാര്ടി കൊണ്ഗ്രസ്സില്‍ ചര്‍ച്ച ചെയ്യുന്നതാണ്‌ .
ഈ അടുത്ത കാലത്തു   ഫസല്‍ , ശുക്കൂര്‍ , ടി പി എന്നിവരെ കൈകാര്യം ചെയ്തു പാര്‍ടിയുടെ അന്തസ്സും യശസ്സും ഉയര്‍ത്തുന്നതില്‍  പ്രവര്തിച്ചവര്‍ക്കുള്ള പാരിതോഷികം ഇവിടെ വെച്ച് വിതരണം  ചെയ്യുന്നതാണ് . നമ്മുടെ ഈ വിങ്ങിന്റെ സംസ്ഥാന കമ്മിറ്റി യോഗം രണ്ടിലൊന്ന് എന്ന കണക്ക് വെച്ച് പൂജപ്പുരയിലോ കണ്ണൂരോ  വെച്ച് നടത്തുന്നതാണ്. സംസ്ഥാനത്തെ എല്ലാ സബ്ജയിലിലും നമ്മുടെ ഘടകങ്ങള്‍ രൂപീകരിക്കുന്നതാണ് .വളരെ പ്രധാനപ്പെട്ട കാര്യം നമ്മുടെ ഈ വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കത്തി , വടിവാള്‍,ബോംബു തുടങ്ങിയ സാധന സാമഗ്രികള്‍ വാങ്ങുന്നതിനും നമ്മുടെ പാര്‍ട്ടിയുടെ പ്രചാരണത്തിനായി  സെന്‍ട്രല്‍ ജയിലിലേക്ക്  പോയവരുടെ കുടുംബത്തെ   സംരക്ഷിക്കുന്നതിനും കേസ്‌ നടത്തുന്നതിനും  നമ്മുടെ പ്രവര്‍ത്തകര്‍ ബക്കറ്റുമായും പ്രവര്‍ത്തന ഫണ്ട് രശീതിയുമായും നിങ്ങളെ സമീപിക്കുമ്പോള്‍ അകമഴിഞ്ഞ് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു . കുടുംബത്തിലോ  സമീപ പ്രദേശങ്ങളിലോ  ബോംബു നിര്‍മാണത്തിലും നല്ല ഉന്നത്തില്‍ വെടി വെക്കാനും വൈദഗ്ദ്യം  ഉള്ളവര്‍ ഉണ്ടെങ്കില്‍ അവരുടെ ലിസ്റ്റ് പാര്‍ട്ടിയെ എല്പിക്കെണ്ടതാണ് . ഒരു സമ്പൂര്‍ണ്ണ ക്വട്ടെഷന്‍ പ്രസ്ഥാനം എന്ന നിലയിലേക്ക് നമ്മുടെ പാര്‍ട്ടിയെ വളര്‍ത്താന്‍ എല്ലാ പ്രവര്‍ത്തകരും ആത്മാര്തതയോടെ ശ്രമിക്കണമെന്ന് ഓര്മപ്പെടുതുകയാണ്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള നയപരിപാടികളില്‍ രാഷ്ട്രീയക്കാര്‍ , മാധ്യമ പ്രവര്‍ത്തകര്‍ , ജനകീയ സമരക്കാര്‍ , തീവ്ര വാദികള്‍,കുലം കുത്തികള്‍  എന്നിങ്ങനെ ലിസ്റ്റുണ്ടാക്കി തിരിച്ചിട്ടുണ്ട് . അവ സര്‍ക്കുലരിനോടൊപ്പം അയക്കുന്നതാണ് . നമ്മുടെ ഈ വിങ്ങിന്റെ  സംസ്ഥാന കമ്മിറ്റിയില്‍  തീര്‍ത്തും സന്തുലന സിദ്ധാന്തമനുസരിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നതു എന്ന് പ്രത്യേകം ഓര്‍മപ്പെടുത്തുകയാണ്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ഇടിവെട്ട് ഹംസ ............" ഇത്ര  കേട്ടതും ഞാന്‍ ഞെട്ടിയുണര്‍ന്നു.