Pages

ചൊവ്വാഴ്ച, നവംബർ 29, 2011

മുല്ലപെരിയാര് തന്നെ.....................

മുല്ലപ്പെരിയാര്‍ ഡാം






മലയാളികള്‍ ആകെ മുല്ലപ്പെരിയാര്‍ ജ്വരത്തിലാണ് . എവിടെ നോക്കിയാലും സംസാരം മുല്ലപ്പെരിയാറിനെക്കുറിച്ച് തന്നെ . ചാനലുകളും പത്രങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും എല്ലാം മുല്ലപ്പെരിയാര്‍ മയം തന്നെ . ലക്ഷക്കണക്കിന്‌ മനുഷ്യരുടെ ജീവന് ഭീഷണി ഉയര്‍ത്തി , വിള്ളലുകളും പൊട്ടലുകളുമായി വാര്‍ധക്യം ബാധിച്ചു നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാം ചാനലുകള്‍ക്ക് അവരുടെ റേറ്റിംഗ് ഉയര്‍ത്താനും രാഷ്ട്രീയക്കാര്‍ക്ക് അവരുടെ സങ്കുചിതമായ മുതലെടുപ്പ് നടത്താനുമുള്ള അവസരമായാണ്‌ കാണുന്നത് . ചാനലുകളായ ചാനലെല്ലാം ഓ ബി വാനുകളുമായിതമ്പടിച്ചു , സ്കെയിലും പിടിച്ചു ഇരിക്കുകയാണ്, ഉയര്‍ന്നു വരുന്ന ജലനിരപ്പിന്റെ സെന്റി മീറ്റര്‍ അളക്കാന്‍ . ഡാം പൊട്ടിത്തകരുന്നതിനു മുമ്പ് ഇവന്മാര്‍ അണക്കെട്ടില്‍ മുങ്ങി ചാവാതിരുന്നാല്‍ മതി.
എന്ത് വിഷയം കിട്ടിയാലും കുരങ്ങന് പൂമാല കിട്ടിയ പോലെയാണ് രാഷ്ട്രീയക്കാരുടെ അവസ്ഥ . ഏതുവിഷയമായാലും എതിരാളികളെ ഒന്ന് അടിക്കാന്‍ പറ്റുമോ എന്ന അന്വേഷണത്തിലാണ് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍. കാക്ക കാഷ്ടിച്ചാലും ആട് മൂത്രമൊഴിചാലും ഹര്‍ത്താല്‍ നടത്തുന്ന രീതി ഇവിടെയും സ്വീകരിച്ചു. എന്തിനു വേണ്ടിയായിരുന്നു ഹര്‍ത്താല്‍ എന്ന് നടത്തിയവര്‍ക്ക് പോലും വലിയ തിട്ടമില്ല .കേരളത്തിലെ ഹര്ത്താലിന്റെ മൊത്തം കുത്തക ഏറ്റെടുത്തവര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളും ആ കാര്യത്തില്‍ പിന്നിലല്ല എന്ന് തെളിയിക്കാനായി വലതു മുന്നണിയും പ്രഖ്യാപിച്ചു അതെ ദിവസം ഹര്‍ത്താല്‍. കേരളത്തിലെ രണ്ടു ജില്ലകളില്‍ നടക്കുന്ന ഹര്‍ത്താല്‍ കണ്ടിട്ട് പുരട്ചി തലൈവി എങ്ങാനും പുതിയ ഡാം നിര്‍മിക്കാന്‍ സമ്മതിചാലോ! അതിന്റെ രാഷ്ട്രീയ നേട്ടം ഒറ്റയടിക്ക് ഇടതു പക്ഷം പോക്കറ്റിലേക്കു ആക്കിയാലോ എന്നാ മൌഡ്യ വിചാരം ആയിരിക്കാം അവരെയും അതിനു പ്രേരിപ്പിച്ചത് . എന്തായിരുന്നു അന്നത്തെ ഹര്‍ത്താല്‍ കൊണ്ട് നേടിയെടുത്ത നേട്ടം എന്ന് രണ്ടു മുന്നണികളും വ്യക്തമാക്കേണ്ടിയിരിക്കുന്നു .50 വര്ഷം കാലാവധിയുള്ള ഡാമിന് 999 വര്ഷം പാട്ടക്കരാര്‍ കൊടുത്തതിനു ശേഷവും ഡാം അപകടാവസ്ഥയില്‍ ആണെന്ന് അര നൂറ്റാണ്ട് മുമ്പേ റിപ്പോര്‍ട്ടു നല്‍കിയിട്ടും എവിടെയായിരുന്നു നമ്മുടെ രാഷ്ട്രീയക്കാര്‍ .
കരുണാനിധിയും ജയലളിതയും ഒരു രാഷ്ട്രീയ സ്ടണ്ടായി ഈ വിഷയത്തെ കാണുന്നിടത്തോളം കാലം ഇത് അപരിഹാര്യമായി തുടരുക തന്നെ ചെയ്യും . മറിചു ഇതൊരു മാനുഷിക പ്രശ്നമായി , ലക്ഷ ക്കണക്കിന് മനുഷ്യരുടെ ജീവിക്കാനുള്ള അവകാശമായി അവരുടെ മുന്നില്‍ ഉയര്‍ത്തി കൊണ്ട് വരാന്‍ നമ്മുടെ നേതാക്കള്‍ക്ക് കഴിയണം . അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി രണ്ടു സംസ്ഥാനങ്ങളും യോജിച്ച ഒരു തീരുമാനതിലെത്തണം. ഡാമിന് അപകടം സംഭവിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അവരെയും ബാധിക്കും എന്ന കാര്യം ഓര്‍മപ്പെടുത്താന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയണം. തങ്ങള്‍ക്കു ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വെള്ളം ഇനിയും ലഭിക്കും എന്ന് അവര്‍ക്ക് ഉറപ്പു നല്‍കി , പുതിയ ഡാമിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്താന്‍ നമ്മുടെ അധികാരികള്‍ക്ക് കഴിയണം .അല്ലാതെ ഇവിടെ ഇരുന്നു കൊണ്ട് വാചകമടിയും പത്ര പ്രസ്താവനകളും ഹര്‍ത്താലുകളും അല്ല വേണ്ടത് . ലക്ഷക്കണക്കിന്‌ മനുഷ്യരുടെ മനസ്സിലെ ഭീതിയകറ്റാന്‍ നമ്മുടെ ഭരണാധികാരികള്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കണം . അങ്ങ് കേന്ദ്രത്തിലിരിക്കുന്ന നമ്മുടെ മന്ത്രിമാരും എം പി മാരും ഗവണ്മെന്റിനെ കൊണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം . കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‌ അനുകൂലമായി നിലപാട് സ്വീകരിച്ചില്ലെങ്കില് സ്ഥാനങ്ങള്‍ ‍ രാജിവെക്കാന്‍ നമ്മുടെ മന്ത്രിമാര്‍ തയ്യാറാകണം.

ബുധനാഴ്‌ച, നവംബർ 02, 2011

താനൂര്‍ -ചരിത്രം

താനൂരെന്ന് കേട്ടാല്‍ ചക്കയെ ഓര്‍ക്കാത്തവര്‍ കുറയും. താനൂരും, ചക്കയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിരവധി കഥകള്‍ ഇവിടെ പ്രചാരത്തിലുണ്ട്. തലമുറകള്‍ കൈമാറിപ്പോന്ന പഴമൊഴികളാണിവയെല്ലാം. “താനൂരിലേക്ക് ചക്കതിന്നാന്‍ പോയ പോലെ” എന്നത് ഇവിടെ ഏറെ പ്രചാരത്തിലുള്ളൊരു ചൊല്ലാണ്. താനൂര്‍ താന്നിമരങ്ങളുടെ കേദാരമായിരുന്നുപോലും. താന്നിമരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നിരുന്നതിനാല്‍ ഈ പ്രദേശം താന്നിയൂരും പിന്നീട് താണിയൂരുമായി എന്നു പറയപ്പെടുന്നു. ക്രമേണ ഇംഗ്ലീഷുകാരാണതിനു സ്റ്റൈലന്‍ ഉച്ചാരണം നല്‍കി “റ്റാനൂര്‍ അഥവാ താനൂര്‍” ആക്കി മാറ്റിയത്. സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ “തൂഹ്ഫത്തുല്‍ മുജാഹിദ്ദീന്‍” എന്ന വിശ്രുതഗ്രന്ഥത്തിലും മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ “യന്ത്രം” എന്ന നോവലിലും, “കേരളേശ്വരന്‍” തുടങ്ങിയ പ്രാമാണികമായ പഠനങ്ങളിലും “കുഞ്ഞാലി മരയ്ക്കാര്‍”, “1921″ തുടങ്ങിയ ചലച്ചിത്രങ്ങളിലും താനൂര്‍ എന്ന പ്രദേശത്തെപ്പറ്റി എടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്.


                                                     വലിയ കുളങ്ങര പള്ളി

താനൂര്‍ റെയില്‍വെ സ്റ്റേഷന്

നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ചരിത്രം പരിശോധിച്ചാല്‍, താനൂര്‍ ഒരു തുറമുഖമായിരുന്നുവെന്ന് കാണാം. അന്നു പ്രമുഖ വ്യാപാരകേന്ദ്രമായി മാറിയ താനൂരില്‍ നിന്നും പല വിദേശരാജ്യങ്ങളിലേക്കും നാളികേരം, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി പല ഉല്‍പന്നങ്ങളും കയറ്റിയയച്ചിരുന്നു. ഇതിന്‍റെ ആസ്ഥാനമായ പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് താനൂര്‍ ടൗണിലായിരുന്നു. ഈ ഓഫീസ് നിലനിന്നിരുന്നിടത്താണ് ഇന്ന് താനൂര്‍ ടൗണ്‍ ജി.എം.യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പണ്ടിതിന് ചുങ്കത്തെപ്പാടം സ്കൂള്‍ എന്നും പേരുണ്ടായിരുന്നുവത്രെ. ഇന്ന് എളാരന്‍ കടപ്പുറത്തെ ഗവണ്‍മെന്‍റ് ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രദേശം ആദ്യകാലങ്ങളില്‍, ഇവിടേക്കു വ്യാപാരാവശ്യാര്‍ത്ഥം വന്നിരുന്ന ഫ്രഞ്ചുകാരുടെ താവളമായിരുന്നു. ഫ്രഞ്ച് ടൂറിസ്റ്റ് ബംഗ്ലാവ് എന്നാണ് കുറേക്കാലം ഈ സ്ഥലം അറിയപ്പെട്ടിരുന്നതു തന്നെ. ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിലുള്ള പല പ്രധാന ഉടമ്പടികളും ഒപ്പിട്ടിരുന്നത് ഈ കേന്ദ്രത്തില്‍ വെച്ചായിരുന്നുവെന്ന ചരിത്ര പ്രാധാന്യവുമിതിനുണ്ട്. താനൂരും പരിസര പ്രദേശങ്ങളും ഈസ്റ്റിന്ത്യാ കമ്പനിക്കാരുടെ അധികാരപരിധിയിലായിരുന്നപ്പോഴും ഫ്രഞ്ചധീനതയിലായിരുന്ന ഈ ടൂറിസ്റ്റ് ബംഗ്ലാവില്‍ അഭയം തേടുന്നവരെ അവര്‍ ബ്രിട്ടീഷ് വിരോധികളായിരുന്നാല്‍ പോലും അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന കര്‍ശന നിയമം 20-ാം നൂറ്റാണ്ടിന്‍റെ പകുതിവരേക്കും നിലനിന്നിരുന്നു. അതില്‍ പിന്നെ, 1940-കളില്‍ മലബാര്‍ കൂടി ഉള്‍പ്പെട്ട മദ്രാസ് ഗവണ്‍മെന്‍റിനു കീഴില്‍ ഈ ടൂറിസ്റ്റു ബംഗ്ലാവ് ഫിഷിംഗ് റിസര്‍ച്ച് സെന്‍ററായി മാറി. മദ്രാസ് സംസ്ഥാനത്ത് അന്ന് രണ്ടു മത്സ്യ ഗവേഷണ കേന്ദ്രങ്ങളേയുണ്ടായിരുന്നുള്ളു. ഇവിടുത്തേതു കൂടാതെ മറ്റൊന്നുണ്ടായിരുന്നത് മദ്രാസിലായിരുന്നു. താനൂരില്‍ പ്രസ്തുത കേന്ദ്രം സ്ഥിതി ചെയ്തിരുന്ന പ്രദേശമാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നുകാണുന്ന ആശുപത്രിയായി മാറിയത്.

ശോഭാപ്പറമ്പ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം

താനൂര്‍ അഴിമുഖം

ഒസ്സാന്‍
താനൂര്‍ കുന്നുംപുറത്തെ നരിമട എന്ന പേരിലറിയപ്പെടുന്ന പ്രസിദ്ധമായ സ്ഥലം പുരാതനമായ വിഖ്യാത ബുദ്ധമതകേന്ദ്രമായിരുന്നുവെന്ന് ചരിത്രസൂചനകളുണ്ട്. ഇവിടേക്ക് ശ്രീലങ്കയുടെ ഭരണാധികാരിയായ ഭണ്ഡാര നായകെ തന്‍റെ തലയിലേറ്റിക്കൊണ്ടുവന്ന് പ്രതിഷ്ഠിച്ച ബുദ്ധപ്രതിമ ഈയടുത്ത കാലം വരെ ഇവിടുത്തെ ഗുഹയിലുണ്ടായിരുന്നു. മതമൈത്രിയുടേയും സാമുദായിക സൗഹാര്‍ദ്ദത്തിന്‍റേയും പ്രതീകമായും താനൂരിന് ആധുനിക ചരിത്രത്തില്‍ സ്ഥാനമുണ്ട്. താനൂര്‍ ശോഭാ കുറുംബ ക്ഷേത്രം മതമൈത്രിയുടെ പ്രതീകമാണ്. ഈ ക്ഷേത്രത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന കലങ്കരി ഉത്സവം താനൂരിലെ ദേശീയോത്സവമായി വിശേഷിപ്പിക്കപ്പെടുന്നു. ജാതിമതഭേദമെന്യേ സകലരും പങ്കെടുക്കുന്ന ഈ ഉത്സവത്തിന് ആരംഭം കുറിക്കുന്നത്, ഒരു മുസ്ലീം തറവാട്ടില്‍ അനുഗ്രഹം തേടിച്ചെന്നുകൊണ്ടാണ് എന്നത് അല്‍ഭുതം തോന്നിപ്പിക്കും.ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി സന്ധിയില്ലാ സമരം പ്രഖ്യാപിച്ച കുഞ്ഞിക്കാദറിനെ 1922 ഫെബ്രുവരി 26-നു ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ കഴുമരത്തിലേറ്റുകയായിരുന്നു.
.                                                     താനൂര്‍ കനോലി കനാല്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികളും ക്ഷേത്രങ്ങളും കൊണ്ട് അനുഗ്രഹീതമായ ഈ നാടിന് സഹിഷ്ണുതയും മതസൗഹാര്‍ദ്ദവും എന്നെന്നും നിലനിര്‍ത്തിയ പാരമ്പര്യമാണുള്ളത്. താനൂര്‍ പഞ്ചായത്തിലെ ശോഭപറമ്പ് ഭഗവതിക്ഷേത്രത്തിലെ ആവേന് ആ സ്ഥാനം കൊടുത്തത് പഴയകത്ത് വീട്ടുകാരായ മുസ്ലീം കുടുംബമാണ് എന്നത് സാംസ്കാരിക കേരളത്തിനു തന്നെ മാതൃകയാണ്. വാമൊഴിയായും കെട്ടുപാട്ടായും നിലനിന്നിരുന്ന നാടന്‍ശീലുകളും, കൊയ്ത്ത് നടീല്‍പാട്ടുകളും, പകിടകളി, ചവിട്ടുകളി, കബടി, തെയ്യം, ദഫ്മുട്ട്, ഒപ്പന, കോല്‍ക്കളി മുതലായ നാടന്‍ കലകളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

(താനൂരിന്റെ ചരിത്രം വിശദീകരിക്കുന്ന പല ഭാഗങ്ങളില്‍ നിന്നും ചേര്‍ത്ത് എഡിറ്റ്‌ ചെയ്തതാണ് ഇത് )