കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ , മത - രാഷ്ട്രീയ സംഘടന നേതാക്കള്‍ , പ്രൊഫഷണലുകള്‍
വിദ്യാര്‍ഥികള്‍ തുടങ്ങി 268 വ്യക്തികളുടെ ഈ മെയില്‍ ചോര്‍ത്താനുള്ള കേരള ആഭ്യന്തര വകുപ്പിന്റെ
തീരുമാനം തെളിവ് സഹിതം 'മാധ്യമത്തിനു ' വേണ്ടി വിജു വി നായര്‍ പുറത്തു കൊണ്ട് വന്നതാണ്
വിവാദമായത് . സിമി ബന്ധം ആരോപിച്ചു 268 വ്യക്തികളുടെ ഈ മെയില്‍ ചോര്‍ത്താനുള്ള നീക്കം മനുഷ്യാവകാശ ലംഘനവും പൌരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും ആണെന്നത് ബുദ്ധിയും വിവേകവും ആരുടെയെങ്കിലും അരമനയില്‍ പണയം വെക്കാത്ത നിഷ്പക്ഷമതികള്‍ക്ക് മനസ്സിലാവും . 268 പേരില്‍ 258 ഉം ഒരു പ്രത്യേക സമുദായമായത് യാദൃശ്ചികമോ അബദ്ധമോ ആയല്ല 'മാധ്യമം' കണക്കാക്കുന്നത് . അത് കൊണ്ട് തന്നെ ചോര്‍ത്താനുള്ള തീരുമാനം മനുഷ്യാവകാശ ലംഘനവും ഭരണകൂട ഭീകരതയുമായാണ് 'മാധ്യമം' അവതരിപ്പിച്ചതെന്ന് പത്രം വായിക്കുന്നവര്‍ക്ക് മനസ്സിലാവും .സിമി ബന്ധം ആരോപിച്ചു ഒരു സമുദായത്തിലെ മാന്യരായ വ്യക്തികളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അവരുടെ സ്വകാര്യതകള്‍ ചോര്‍ത്തുമ്പോള്‍ വാരികയില്‍ അന്യമതസ്തരായ പത്തു പേരുടെ പേര്‍ പ്രസിദ്ധീകരിച്ചില്ല എന്ന് പറഞ്ഞു വാദിയെ പ്രതിയാക്കുന്ന രീതിയില്‍ ബഹളം വെക്കുന്നത് യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണെന്ന് ലീഗിന്റെയും കൊണ്ഗ്രെസ്സിന്റെയും അമ്മിക്കടിയില്‍ വാല് കുടുങ്ങാത്തവര്‍ക്കെല്ലാം മനസ്സിലാവും
'മത സ്പര്‍ധ' ഉണ്ടാക്കും എന്നാണ് മന്ത്രിസഭ യോഗം കഴിഞ്ഞു മുഖ്യനായ കുഞ്ഞൂഞ്ഞിന്റെ പ്രതികരണം. ഈ വാര്‍ത്ത എങ്ങിനെ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കും എന്ന് കുഞ്ഞൂഞ്ഞു വിശദീകരിച്ചു തന്നാല്‍ എല്ലാവരുടെയും സംശയവും മാറിക്കിട്ടിയേനെ. മുഖ്യമന്ത്രി ഈ വിഷയത്തില്‍ നിന്നും തടിയൂരാന്‍ വേണ്ടി പറഞ്ഞതായിരിക്കാം ഇത് . എന്നാല്‍ തങ്ങള്‍ കൂടി ഉള്‍പെട്ട സര്‍ക്കാര്‍ തങ്ങളുടെ കൂടി നേതാക്കളുടെ മെയില്‍ സിമി ബന്ധം ആരോപിച്ചു ചോര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ അതിനെ ക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പോലും ആവശ്യപ്പെടാതെ കുഞ്ഞൂഞ്ഞു കണ്ടു പിടിച്ച 'പര്‍ദ'യുമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കുഞ്ഞാലിയും കൂട്ടരും ഓടിപ്പറഞ്ഞു 'പര്‍ദ' ഉണ്ടാക്കാന്‍ ചിലര്‍ ഉണ്ടാക്കിയതാണ് വാര്‍ത്ത എന്ന്. അങ്ങിനെ 'പര്‍ദ'യുമായി കറങ്ങുമ്പോഴാണ് ഇടി വെട്ടേററവനെ പാമ്പ് കടിച്ച പോലെ മാറാട് വരുന്നത്. ഇവിടെ പറയാന്‍ സ്ഥിരം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഐസ് ക്രീമില്‍ അലിയാത്ത വാക്ക് തന്നെ എടുത്തു ' കയമ്പി'ല്ല എന്നത്. മാറാടില്‍ 'കയമ്പ്' ഇല്ലെങ്കില്‍ പോട്ടെ....നിരപരാധികളായ വ്യക്തികളെ സിമി ബന്ധം ആരോപിച്ചു മെയില്‍ ചോര്‍ത്തുമ്പോള്‍ മിനിമം പണ്ട് ആണവ കരാര്‍ ഒപ്പിടുന്ന സമയത്ത് പറഞ്ഞ 'ആശങ്ക' (ആ 'ശങ്ക' എങ്ങിനെ മാറി എന്ന് ഇനിയും വിശദീകരിച്ചിട്ടു വേണം )എങ്കിലും രേഖപ്പെടുതെണ്ടായിരുന്നോ ?അതാണ് മുസ്ലിം ലീഗ് തങ്ങള്‍ അധികാരത്തിലിരിക്കുമ്പോള്‍ എന്ത് തന്നെ സംഭവിച്ചാലും സമുദായത്തിന്റെ വികാരത്തോടൊപ്പവും സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിലയുറപ്പിക്കാന്‍ അവര്‍ക്കാവില്ല . ബാബറി മസ്ജിദ് തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ കൊണ്ഗ്രെസ്സിനെതിരെ ഒരക്ഷരം ഉരിയാടാന്‍ പോലും അവര്‍ക്കായില്ല .കേരളത്തിലെ കൊണ്ഗ്രെസ്സിനോടപ്പമുള്ള ഭരണമായിരുന്നു അതിനു തടസ്സം . തര്‍ക്ക ഭൂമിയില്‍ ശിലാന്യാസം നടന്നപ്പോള്‍ ' തര്‍ക്ക ഭൂമിയിലല്ല ' എന്ന് പച്ചക്കള്ളം വെണ്ടക്ക നിരത്തി പാര്‍ടി പത്രത്തില്‍ . അതിന്റെ സത്യാവസ്ഥ അറിയാന്‍ വേണ്ടി സ്ഥലം സന്ദര്‍ശിച്ചു മാധ്യമങ്ങളോട് സത്യം വിളിച്ചു പറഞ്ഞ അഖിലേന്ത്യ പ്രസിഡന്റിനെ പാര്‍ടിയില്‍ നിന്നും ഒറ്റപ്പെടുത്തി,പുറത്താക്കി . ആണവകരാറിനെതിരെ ബനാത്ത് വാല തന്റെ അവസാന നാളില് എഴുതിയ എഴുതിയ കുറിപ്പ് പോലും ചന്ദ്രിക മുക്കി.............അവസാനം കേരള സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാവുന്ന ലവ് ജിഹാദ് നുണ ബോംബുമായി കാഴ്ച മങ്ങിയ മുത്തശ്ശി പത്രങ്ങളും വര്‍ഗീയവാദികളും വന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ പ്രതിയാക്കപ്പെട്ട സ്വന്തം വിദ്യാര്‍ഥി സംഘടനയുടെ ഇടുക്കി ജില്ല പ്രസിഡണ്ടായിരുന്ന ഷഹന്‍ഷാ എന്ന വിദ്യാര്‍ത്ഥിയെ തള്ളിപ്പറഞ്ഞു എന്നിങ്ങനെ ഉദാഹരണങ്ങള്‍ ധാരാളം . എതിര്‍കക്ഷികള്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ മൌലവിമാരെയും മുസ്ലിയക്കന്മാരെയും അണി നിരത്തി പാഠപുസ്തകത്തിന്റെ പേര്‍ പറഞ്ഞും ക്ഷേമ നിധിയുടെ പേര്‍ പറഞ്ഞും സമരം സംഘടിപ്പിക്കുകയും വേണ്ടിവന്നാല്‍ കൊലപാതകം വരെ നടത്തുന്നവര്‍ തങ്ങളുടെ സര്‍ക്കാര്‍ നിരപരാധികളായ വ്യക്തികളുടെ മെയില്‍ ചോര്‍ത്തുമ്പോള്‍ സമുദായപാര്‍ടിയില്‍ നിന്നും ഇങ്ങിനെയൊക്കെയുള്ള വര്ത്തമാനങ്ങളെ നാം പ്രതീക്ഷിക്കാവൂ.



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ