ഒരു മന്ത്രി സ്ഥാനത്തിനു വേണ്ടി ഇത്രയും കാലം കണ്ണ് നട്ട് കാത്തിരിക്കേണ്ടി വരുമെന്ന് അലി ദു:സ്വപ്നത്തില്‍ പോലും കണ്ടിട്ടുണ്ടാവില്ല .ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേറിയിട്ട് വര്‍ഷം ഒന്ന് തികയാറായി. അത്രതന്നെ കാലപ്പഴക്കമുണ്ട് അലിയുടെ മന്ത്രിസ്ഥാന പ്രഖ്യാപനത്തിനും. ഇപ്പോള്‍ കിട്ടും , ഇപ്പോള്‍ കിട്ടും എന്ന് പറഞ്ഞു കുരങ്ങു കളിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി . എന്നാല്‍ ഇനി ഈ കാത്തിരുപ്പ് വകുപ്പുമായി ഒരിഞ്ചു മുന്നോട്ടു പോവാന്‍ പറ്റാത്ത അവസ്ഥയാണ് .കേരള സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം സൃഷ്ടിക്കുകയാണ് ഈ കാത്തിരുപ്പ് എന്നാണ് പാര്‍ടി ജനറല്‍ സെക്രടരിയുടെ പ്രതികരണത്തില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് . എങ്ങിനെയെങ്കിലും അഞ്ചാം മന്ത്രി സ്ഥാനം കിട്ടണം എന്ന വാശിയിലാണ് പാര്‍ടി. മന്ത്രി സ്ഥാനം വൈകുന്നതില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള പ്രവര്‍ത്തകരുടെ രോഷം പുലിക്കുട്ടിയുടെ ഉമ്മറപ്പടിയില്‍ വരെ എത്തിയിട്ടുണ്ട് . ഇങ്ങിനെ പോയാല്‍ പാര്‍ടി മന്ത്രിമാര്‍ക്കും നേതാക്കന്മാര്ക്കും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നു വരെ മലപ്പുറത്തെ കുട്ടികള്‍ പറഞ്ഞു വെച്ചിട്ടുണ്ട് . ഇപ്പോള്‍ കിട്ടും എന്ന ലീഗിന്റെയും ചര്‍ച്ച ചെയ്തിട്ടില്ല എന്ന കൊണ്ഗ്രസ്സിന്റെയും മാഞ്ഞാള കളി മഞ്ഞളാംകുഴിയുടെ അടുത്ത് വേണ്ട എന്ന് അണികള്‍ പറഞ്ഞു കഴിഞ്ഞു .
പ്രവാസിയും ബിസിനസ്സുകാരനായും നടന്നിരുന്ന അലി സിനിമ പിടിക്കാന്‍ ഇറങ്ങിയതോടെയാണ് MAK അലിയായി അറിയപ്പെടാന്‍ തുടങ്ങിയത് .' മാക് പ്രൊഡക്ഷന്‍സ് ' എന്ന മഞ്ഞളാംകുഴി അലിയുടെ
കമ്പനിയാണ് മമ്മൂട്ടി നായകനായ 'ദ കിംഗ് ' സിനിമ നിര്‍മ്മിച്ചത് . അവിടെ നിന്നങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു . സി പി എം സഹയാത്രികനായി നടന്നിരുന്ന അലിയെ മലപ്പുറത്തിന്റെ പച്ചമണ്ണില്‍ ചെങ്കൊടി പാറിക്കാന്‍ സി പി എം മങ്കടയില്‍ സ്ഥാനാര്‍തിയാക്കി. ആദ്യ അങ്കത്തില്‍ ഇപ്പോഴത്തെ പാര്‍ടി ജന : സെക്ര. മജീദിനോട് പരാജയം ഏറ്റുവാങ്ങി . പക്ഷെ രണ്ടാം തീപ്പൊരി മത്സരത്തില്‍ മജീദിനെ മലര്‍ത്തിയടിച്ചു ഹീറോ ആയി . അവിടെ നിന്ന് തുടങ്ങി അലിയുടെ ജയവും മജീദിന്റെ തോല്‍വിയും . അടുത്ത മത്സരത്തില്‍ ലീഗിലെ ഗ്ലാമര്‍ മന്ത്രി മുനീറിനെയും തൂത്തെറിഞ്ഞു . അങ്ങിനെ രണ്ടു പ്രാവശ്യം സി പി എം സ്വന്തന്ത്ര എം എല്‍ എ ആയി നിയമസഭയിലിരുന്നും മലപ്പുറത്ത് തൊഴിലാളി വര്‍ഗത്തെ കെട്ടിപ്പടുക്കാനുള്ള മുതലാളിയായും നടന്നു . അതിനിടയില്‍ കൈരളിയിലും പാര്‍ടി ബിസിനസ് സംരംഭങ്ങളിലും മുതല്‍ മുടക്കി . നോര്‍ക്കയുടെയും പ്രവാസി സംഘത്തിന്റെയും ഭാരവാഹിയുമായി. അവസാനം സി പി എം വിഭാഗീയതയില്‍ ഇടപെട്ടു വി എസ് പക്ഷത്തോട് അനുകൂല സമീപനം കാണിക്കുന്നു എന്ന് പഴിചാരി സി പി എം നേതൃത്വത്തിന് അനഭിമതനാവുന്നു.ഇതിന്റെയിടക്ക് എപ്പോഴോ സി പി എം മന്ത്രി സ്ഥാനം ഓഫര്‍ ചെയ്തതായി അലി പറയുകയും ചെയ്തു .
രണ്ടു തവണ എം എല്‍ എ ആയി തെരഞ്ഞെടുക്കപ്പെട്ടതില്‍ ലഭിച്ച പത്തു വര്‍ഷത്തില്‍ ഒന്പതെ മുക്കാലും അനുഭവിച്ചപ്പോഴാണ് സി പി എം തന്നെ അവഗണിക്കുകയാണ് എന്നും തന്റെ സാമ്പത്തികവും ശാരീകവുമായ എല്ലാം ചൂഷണം ചെയ്തു കറിവേപ്പില പോലെ ആക്കി എന്നും അലിക്ക് ബോധ്യമായത് .
ഇനി ഒരു എം എല്‍ എ സ്ഥാനവും മനസ്സില്‍ താലോലിക്കുന്ന മന്ത്രി സ്ഥാനവും ഇവിടെ നിന്നാല്‍ ലഭിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് വേഗം കാല് മാറ്റി ചവിട്ടി . അലിയുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കിയ കുഞ്ഞാപ്പ മാടി വിളിച്ചു '' ഇജ്ജ് ഇങ്ങട്ട് പോരെ , അന്റെ പൂതി ഞമ്മള് സലാമത്താക്കി തരാം ' . ആ പൂതിയാണ് ഇങ്ങിനെ അനന്തമായി നീളുന്നത് .
ഒന്‍പതു എം എല്‍ എ മാരുള്ള മാണി കൊണ്ഗ്രസ്സിനു മൂന്നു (കേട്ടത് സത്യമാണെങ്കില്‍, അനൂപിന്റെ സത്യപ്രതിജ്ഞക്ക് ശേഷം മാണി ഗ്രൂപും ജേക്കബ് ഗ്രൂപും ലയിച്ചാല്‍ മന്ത്രിമാരുടെ എണ്ണം നാല്). 38 എം എല്‍ എ മാര്‍ ഉള്ള കൊണ്ഗ്രസ്സിനു 9, ഓരോ എം എല്‍ എ മാര്‍ വീതമുള്ള ഘടക കക്ഷികള്‍ക്ക് ഒന്ന് വീതം മന്തിമാര്‍ . ഇങ്ങിനെ നോക്കുമ്പോള്‍ ആനുപാതികമായി ലീഗിന് അഞ്ചോ അതില്‍ കൂടുതലോ മന്ത്രി സ്ഥാനത്തിനു അര്‍ഹതയുണ്ട്. അവരുടെ ആവശ്യം ന്യായമാണ് എന്ന കാര്യത്തില്‍ ഒരാള്‍ക്കും തര്‍ക്കമുണ്ടാകില്ല . എന്ത് കൊണ്ട് ഇത് അംഗീകരിക്കാനും ചര്‍ച്ച ചെയ്യാനും കോണ്‍ഗ്രസ് മടിക്കുന്നത് എന്ന് ലീഗ് അണികളോടെങ്കിലും
തുറന്നു പറയണം . തങ്ങളുടെ ആവശ്യം നേരെ ചൊവ്വേ പറയേണ്ടതിനു പകരം ലീഗ് കളിച്ച കുറുക്കു വഴി വളരെ വിചിത്രമായി പോയി . മുന്നണി മര്യാദകള്‍ ലോകം ഇടിഞ്ഞു പൊളിഞ്ഞു വീണാലും (പ്രത്യേകിച്ച് അധികാരത്തിലിരിക്കുമ്പോള്‍ ) തെറ്റിക്കാത്ത ലീഗ്, മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ തങ്ങളുടെ ആത്മീയാചാര്യനും സംസ്ഥാന പ്രസിടന്റുമായ ഹൈദരലി തങ്ങളെ കോട്ടയത്ത് കൊണ്ട് പോയി അഞ്ചാം മന്ത്രിസ്ഥാനം പ്രഖ്യാപിച്ചത് തരം താഴ്ന്നതായി പോയി. അവിടെ നിന്ന് അരുള്‍ ചെയ്യപ്പെട്ടാല്‍ കൊണ്ഗ്രസ്സിനു അംഗീകരിക്കാന്‍ നിര്വാഹമില്ലാതാവും എന്ന മൌഡ്യ വിചാരമാണ് അവരെ ഇതിനു പ്രേരിപ്പിച്ചതെന്ന് വ്യക്തം . എന്തായാലും
കാത്തിരുന്ന പിറവം കഴിഞ്ഞു , നെയ്യാറ്റിന്‍കരക്ക് മുമ്പെങ്കിലും അലി ഈ കാത്തിരിപ്പില്‍ നിന്നും കര കയറുമെന്ന്
പ്രതീക്ഷിക്കുന്നു .


2 അഭിപ്രായങ്ങൾ:
kollllam
thanks harry
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ